സൗദിയിൽ ഉംറ വിസയിലുള്ളവർ ഹജ്ജിന് മുമ്പ് രാജ്യം വിടാനുള്ള അവസാന തീയതിയിൽ വീണ്ടും മാറ്റം. ഹിജ്റ മാസമായ ദുൽഖഅദ് 15 (മെയ് 23)ന് രാജ്യം വിടണമെന്നായിരുന്നു ഹജ്ജ്-ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ദുൽഖഅദ് 29 (ജൂൺ ആറ്)നാണ് അവസാനമായി സൗദിയിൽനിന്ന് തിരകെ പോകേണ്ടതെന്ന് അറിയിച്ചു. അതോടൊപ്പം വിസ അനുവദിക്കുന്ന ദിവസം മുതലാണ് മൂന്ന് മാസം കണക്കാക്കുക എന്നായിരുന്നെങ്കിൽ ഇപ്പോൾ ഉംറ തീർഥാടകർ സൗദിയിലെത്തുന്ന ദിവസം മുതലാണ് മൂന്ന് മാസം ആയി കണക്കാക്കുകയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഹജ്ജിനായി എത്തുന്ന തീർഥാടകർക്ക് സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉംറ വിസയിലുള്ളവർ ഹജ്ജിന് മുമ്പ് സൗദി വിടണമെന്ന് എല്ലാ വർഷവും അഭ്യർഥിക്കാറുള്ളത്. കൃത്യസമയത്ത് സൗദിയിൽനിന്ന് വിട്ടുപോകാത്ത ഉംറ തീർഥാടകർ കടുത്ത പിഴയുൾപ്പെടെയുള്ള നടപടി നേരിടേണ്ടിവരും.