കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി. സൈക്കോട്രോപിക് ലഹരിവസ്തുക്കളടങ്ങിയ 26,000 ഗുളികകൾ, 20 കിലോ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ), 158 കിലോ ഹാഷിഷ് തുടങ്ങിയ ലഹരി വസ്തുക്കൾ ഇവരിൽ നിന്ന് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. രണ്ട് ബോട്ടുകളിലായാണ് ലഹരിമരുന്ന് ഇവർ കടത്തിയത്. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കടൽ അതിർത്തി പരിശോധിക്കുന്നതിനിടെയാണ് രണ്ട് ബോട്ടുകൾ കുവൈത്ത് അതിർത്തിയിലേക്ക് കടക്കുന്നത് കണ്ടത്. പിന്നീട് ഇവരെ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്യുകയും രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമം തടയുകയും ചെയ്തു.