യുഎഇയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനിൽക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും കാലാവസ്ഥയിൽ മാറ്റം വരുന്നതെന്നും ബുധനാഴ്ച രാവിലെ വരെ ഇത് തുടരാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബുധനാഴ്ച യുഎഇയുടെ വടക്കൻ മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിക്കുകയും. അയൽ രാജ്യമായ ഒമാനിൽ ഞായറാഴ്ച ലഭിച്ച കനത്ത മഴയെ തുടർന്ന് മലയാളി ഉൾപ്പെടെ 12 പേര് മരിച്ചു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. ന്യൂനമർദത്തിൻറെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. കാണാതായ എട്ടുപേരിൽ നാലു പേർ കുട്ടികളാണെന്നും സിവിൽ ഡിഫൻസ് ആൻറ് ആംബുലൻസ് വിഭാഗം വ്യക്തമാക്കി. സമദ് അൽ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണ നിരക്ക് 12 ആയി ഉയർന്നത്.