യുഎഇയിൽ അവധിക്കാലങ്ങളിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. പെരുന്നാളിനോട് അനുബന്ധിച്ച് 9 ദിവസത്തെ അവധി ഉള്ളതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നാമമാത്ര ജീവനക്കാർ മാത്രമേ ഉണ്ടാകൂ, ഈ സമയം മുതലെടുത്ത് സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും. തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ മതിയായ ജീവനക്കാരില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണം എന്നും അധികൃതർ വ്യക്തമാക്കി. കംപ്യൂട്ടർ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യണം. ആന്റിവൈറസ് സ്കാൻ ചെയ്ത് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. സംശയാസ്പദമായ ഉറവിടങ്ങളിൽനിന്നുള്ള മെയിലുകൾ/ലിങ്ക്/ഉള്ളടക്കങ്ങൾ തുറക്കരുത്. ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പൊലീസിൽ പരാതി നൽകുക തുടങ്ങിയവ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.