റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തന സജ്ജമായി. അന്താരാഷ്ട്ര യാത്രക്കാർക്ക് നപടികൾ നേരിട്ട് എളുപ്പത്തിൽ പൂർത്തിയാക്കാം എന്നതാണ് ഗേറ്റിന്റെ പ്രത്യേകത. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുഐലിജ്, ജവാസാത്ത് ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് യഹിയ, നാഷണൽ അതോറിറ്റി ഫോർ ഡാറ്റാ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രസിഡന്റ് ഡോക്ടർ അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തു. യാത്രക്കാരുടെ വിരലടയാളം ഉപയോഗിപ്പെടുത്തിയാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തിക്കുക. പാസ്‌പോർട്ട് സ്‌കാൻ ചെയ്ത് വിരലടയാളം നൽകുന്നതോടെ ഗേറ്റ് ഓപ്പണാകും. കിംഗ് ഖാലിദ് വിമാനത്താവളത്തിലെ മൂന്ന് നാല് ടെർമിനലുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. സംവിധാനം വഴി യാത്രക്കാർക്ക് സമയനഷ്ടമില്ലാതെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് ജവസാത്ത് ഡയറക്ടർ ജനറൽ സുലൈമാൻ അൽ യഹിയ വ്യക്തമാക്കി. പദ്ധതി വൈകാതെ ജിദ്ദ ദമ്മാം വിമാനത്താവളങ്ങളിലും പ്രവർത്തിച്ചു തുടങ്ങും.