പെരുന്നാൾ ആഘോഷത്തിനിടയിൽ വീടുകളിലും വാഹനങ്ങളിലും അഗ്നിസുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നിദേശിച്ചു. അവധിദിന ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്നും പോലീസ് സൂചിപ്പിച്ചു. വേഗപരിധി പാലിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കരുത്, സീറ്റ് ബെൽറ്റ് ധരിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക, നാല് വയസ്സിൽ താഴെയുള്ളവരെ ചൈൽഡ് സീറ്റിൽ ഇരുത്തുക, 10 വയസ്സിന് താഴെയുള്ളവരെ മുൻസീറ്റിൽ ഇരുത്തരുത് തുടങ്ങിയ നിയമങ്ങൾ ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ഓർമിപ്പിച്ചു. എല്ലാവരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് പോലീസിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹമൂദ് യൂസഫ് അൽ ബലൂഷി വ്യക്തമാക്കി. അബുദാബിയിലും രാവിലെ 6.30 മുതൽ ഒൻപത് മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ വൈകീട്ട് ആറു വരെയും അൽ ഐൻ നഗരത്തിൽ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ നാല് മണി വരെയും ട്രക്കുകൾ നിയന്ത്രിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് പട്രോളിങ്ങും സ്മാർട്ട് സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണം ശക്തമാക്കുമെന്നും അൽ ബലൂഷി വ്യക്തമാക്കി.