494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. 406 തട്ടിപ്പ് കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കള്ള ഇമെയിലും, എസ്.എം.എസും, സോഷ്യൽ മീഡിയ ലിങ്കുകളും ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയാണ് ഇവര്‍ പണം തട്ടുന്നത്. വൻ ഓപ്പറേഷനൊടുവിൽ വലിയൊരു തുകയും സംഘത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, സിം കാർഡുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. ഫോണിൽ വിളിക്കുന്നവർക്ക് ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹാരിബ് അൽ ശംസി വ്യക്തമാക്കി. ഇത്തരം ഭീഷണികളിൽ വീണുപോകരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്കി. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ബാങ്കിന്റെ ശാഖകളേയോ, ഉദ്യോഗസ്ഥരേയോ, ബാങ്ക് അംഗീകരിച്ച മൊബൈൽ ആപ്ലിക്കേഷനുകളേയോ ബന്ധപ്പെടണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.