സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസിന്റെ യാചക യാത്ര. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് ഏകദേശം 36 കോടി രൂപ നൽകണം. തുക സമാഹരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ ബൊചേ യാചക യാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചു വരുന്നു പണം നേരിട്ടും ഓൺലൈനിലൂടെയും നൽകാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ യാചക യാത്ര നടത്തുക. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബോബി ചെമ്മണ്ണൂർ യാചനയ്ക്കായി നേരിട്ട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.