മക്കയിൽ എത്തുന്ന തീർഥാടകർക്ക് 24 മണിക്കൂറും ആരോഗ്യ സംരക്ഷണം നൽകുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ ദിവസവും തീർഥാടകർക്കായി എമർജൻസി സെന്ററുകൾ ലഭ്യമാണെന്ന് മക്ക ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ ഡോ. വെയ്ൽ മൊതൈർ വ്യക്തമാക്കി. റമസാൻ മാസത്തിൽ ആരോഗ്യ മന്ത്രാലയം തീർഥാടകർക്ക് പ്രാഥമിക പരിചരണം, ആരോഗ്യം, ബോധവൽക്കരണ സേവനങ്ങൾ എന്നിവ നൽകുന്നുണ്ടെന്ന് മൊതൈർ കൂട്ടിചേർത്തു. കിങ് ഫഹദ് എക്സ്പാൻഷൻ ഏരിയയുടെ ഒന്നാം നിലയിലാണ് എമർജൻസി സെന്റർ സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തേത് സൗദി പോർട്ടിക്കോയിലാണ്, മൂന്നാമത്തേത് അജ്യാദ് പാലത്തിന് സമീപമുള്ള ഒന്നാം നിലയിലും. മക്കയിൽ ആംബുലേറ്ററി പരിചരണം നൽകുന്ന സവേദ് പദ്ധതിയിൽ ഈ വർഷം 170 സന്നദ്ധപ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. സവേദ് സന്നദ്ധപ്രവർത്തകർക്ക് മെഡിക്കൽ, ആംബുലേറ്ററി പായ്ക്കുകൾ വിതരണം ചെയ്യുന്നതിനായി മക്ക ഹെൽത്ത് അഫയേഴ്‌സ് രാജകുമാരി സീത ബിൻത് അബ്ദുൽ അസീസ് അൽ സൗദിന്റെ എൻഡോവ്‌മെന്റുമായി അടുത്തിടെ കരാർ ഒപ്പിട്ടു. ഇതിൽ 30 പായ്ക്കുകൾ റമദാനിനും ഹജ്ജിനുമായി മക്ക ഹെൽത്ത് അഫയേഴ്സിന് നൽകിയിട്ടുണ്ടെന്ന് എൻഡോവ്‌മെന്റു സെക്രട്ടറി ജനറൽ ഖാലിദ് സഹ്‌റാൻ വ്യക്തമാക്കി.