കുവൈത്തിലെ ഇന്ത്യക്കാർക്ക് പൊതുമാപ്പ് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ എംബസി. പാസ്പോർട്ട് നഷ്ടപ്പെടുകയും എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ, പൊതുമാപ്പ് പദ്ധതിക്ക് കീഴിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ബിഎൽഎസ് നിയന്ത്രിക്കുന്ന മൂന്ന് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻററുകളിൽ ഏതിലെങ്കിലും നൽകിരിക്കണം. ഇതിനകം തന്നെ ഇ.സി ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ടോക്കണുകൾ നേടിയവർ ടോക്കണിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെൻററുകൾ സന്ദർശിച്ച് നിർബന്ധിത ഇസി ഫീസിനൊപ്പം ഇസി അപേക്ഷ സമർപ്പിക്കാൻ എംബസി നിർദ്ദേശം നൽകി. മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള എല്ലാ ടോക്കണുകളും ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ ടോക്കൺ ഉടമകൾക്ക് മാത്രമേ ബിഎൽഎസ് സെൻററുകളിൽ സേവനം ലഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.