ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ തീരുമാനം എടുത്ത് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം കുറ്റങ്ങൾക്ക് പത്ത് ലക്ഷം റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനാവശ്യമായ ചട്ടങ്ങൾ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ നിർദ്ദേശത്തിൽ ഗാർഹിക തൊഴിലുകൾക്കും മറ്റു പ്രൊഫഷണൽ ജോലികൾക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്‌പോണ്‌സർക്ക് കീഴിൽ ജോലി ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്‌പോണ്‌സർക്ക് കീഴിൽ ജോലിയില്ലെങ്കിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുന്ന കുറ്റമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം റിക്രൂട്ടിംഗ്, തൊഴിൽ സേവനങ്ങൾ നിയമ വിരുദ്ധമാക്കണമെന്നും അത് തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നു.