ഈ മാസം സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ ‘റമദാൻ സീസൺ’ മുദ്ര പതിക്കാൻ ആരംഭിച്ചു. സൗദി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ എമിഗ്രേഷൻ മുദ്ര പുറത്തിറക്കിയത്. റിയാദ് കിങ് ഖാലിദ് എയർപോർട്ട്, ജിദ്ദ കിങ് അബ്ദുൽ അസീസ് എയർപോർട്ട്, ദമ്മാം കിങ് ഫഹദ് എയർപോർട്ട് എന്നീ രാജ്യത്തെ മൂന്ന് പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പുണ്യ റമദാനിൽ വരുന്നവരുടെയും പോകുന്നവരുടെയും യാത്ര അവസ്മരണീയമാക്കാൻ പാസ്പ്പോർട്ടിൽ റമദാൻ സീസൺ മുദ്ര പതിക്കുന്നത്. ‘മോസം റമദാൻ’ എന്ന് അറബിയിലും ‘റമദാൻ സീസൺ’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയ മുദ്ര ആഴത്തിൽ വേരൂന്നിയ രാജ്യത്തിൻറെ സാംസ്കാരിക പൈതൃകം, പാരമ്പര്യം, റമദാനിലെ ആചാരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നതാണ്. റമദാൻ മാസാവസാനം വരെ പാസ്പോർട്ടുകളിൽ ഈ പ്രത്യേക മുദ്ര പതിപ്പിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.