ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരൻറെ ബാഗിൽ നിന്ന് പിടിച്ചെടുത്തത് പാമ്പും കുരങ്ങൻറെ കയ്യും ചത്ത പക്ഷിയും. ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കാനായി കടത്തി കൊണ്ട് വന്നതാണ് ഇവയെന്നാണ് സംശയം. യാത്രക്കാരൻറെ ബാഗ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു പ്ലാസ്റ്റിക് ബോക്സിൽ പാക്ക് ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. ജീവനുള്ള പാമ്പ്, കുരങ്ങൻറെ കൈ, ചത്ത പക്ഷി എന്നിവയ്ക്ക് പുറമെ പൊതിഞ്ഞ നിലയിൽ മുട്ടകൾ, ഏലസുകൾ എന്നിവയടക്കം ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് എന്ന് കരുതുന്ന വിവിധ വസ്തുക്കളും ഇയാളുടെ ബാഗിൽ നിന്ന് കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി പിടിച്ചെടുത്ത വസ്തുക്കൾ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറി. എല്ലാ രീതിയിലുമുള്ള കള്ളക്കടത്തുകൾക്കെതിരെയും ദുബൈ കസ്റ്റംസ് പോരാട്ടം തുടരുകയാണെന്ന് ടെർമിനൽ ഒന്നിലെ പാസഞ്ചർ ഓപ്പറേഷൻസ് വകുപ്പ് വ്യക്തമാക്കി.