ഉംറ നിര്വഹിക്കാനെത്തുന്ന തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സൗജന്യ ട്രാൻസ്‌പോർട്ട് സർവീസ് നൽകുന്നുവെന്ന പേരിൽ തട്ടിപ്പ്. സർക്കാർ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോർട്ടും രേഖകളും കൈക്കലാക്കിയാണ് ആളുകളെ ഇവർ ചതിയിൽപ്പെടുത്തുന്നത്. മലയാളിയുൾപ്പെടെയുള്ള തീർഥാടകർ തട്ടിപ്പിനിരയായി. തനിച്ചെത്തുന്ന ഉംറ തീർഥാടകരെയാണ് സംഘം കെണിയിൽപെടുത്തുന്നത്. തീർഥാടകർ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാൻസ്‌പോർട്ട് സേവനം നൽകുന്ന പ്രമുഖ കമ്പനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോർട്ടും രേഖകളും കൈപ്പറ്റി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കും. സർക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തിൽ രേഖപ്പെടുത്തുന്നതെന്നാണ് ഇതിന് ഇവർ നൽകുന്ന മറുപടി. നിലവിൽ വിമാനത്താവളങ്ങളിൽ നിന്നോ ബസ് സ്‌റ്റേഷനുകളിൽ നിന്നോ സൗജന്യ ട്രാൻസ്‌പോർട്ട് സേവനങ്ങളൊന്നും ലഭ്യമല്ല. ഇതറിയാത്ത തീർഥാടകരെയാണ് തട്ടിപ്പു സംഘങ്ങൾ വലയിലാക്കുന്നത്.