ഇന്ത്യൻ പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇ ആസ്ഥാനമായുള്ള തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച വ്യക്തമാക്കി. യുഎഇയിലെ രണ്ട് പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരണപ്പെട്ടാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണിത്. നിലവില്‍ ‘ബ്ലൂ കോളര്‍’ തൊഴിലാളികള്‍ക്കായിരിക്കും ഈ പദ്ധതി ഉപകാരപ്രദമാകും. 7 ദിര്‍ഹം മുതല്‍ 72 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ ഈ ഇന്‍ഷുറന്‍സുള്ളയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിര്‍ഹവും നല്‍കും. നിലവില്‍ ജീവനക്കാരുടെ സ്വാഭാവിക മരണത്തിന് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്വാഭാവിക മരണമായതിനാല്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കാറില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഷുറന്‍സിന്റെ പരിധി അടക്കമുള്ള കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് സേവന ദാതാക്കളും ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും