യാത്രക്കാര്‍ക്ക് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാർ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന എയര്‍ലൈന്റെ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ അധിക സമയം കണക്കാക്കണമെന്നും കഴിവതും ദുബൈ മെട്രോ ഉപയോഗിക്കണമെന്നും അധികൃതര്‍ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പൊലീസും രക്ഷാപ്രവര്‍ത്തകരും പാരാമെഡിക്കല്‍ സംഘവും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.