അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ച് പ്രവാസി സംഘടനകൾ. അബുദാബിയിൽ കെ എം സി സി വിളിച്ചുചേർത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം സംഘടനകൾ എടുത്തത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാർലമെന്റ് ഉപസമിതി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് സംഘടനയുടെ നീക്കം. നടപടികൾക്കായി സമ്മർദം ശക്തമാക്കണമെന്നാണ് ചർച്ചകളിലെ അന്തിമ തീരുമാനം. നിയമ പോരാട്ടവും രാഷ്ട്രീയ സമ്മർദവും ഒന്നിച്ച് നടത്തണമെന്ന് നിയമവിദഗ്ദർ മാർഗനിർദേശം നൽകി. ഇതോടെയാണ് പ്രവാസി സംഘടനകൾ സംയുക്ത പോരാട്ടം പ്രഖ്യാപിച്ചത്. വിഷയത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നയം മാറ്റണം. വിമാനയാത്രാ കൂലിയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കൂടുതല്‍ അധികാരം നല്‍കണമെന്നുമുള്ള ആവശ്യങ്ങൾ ഇവർ മുന്നോട്ട് വെച്ചു. വിമാന യാത്രാ നിരക്ക്, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, പ്രവാസി വോട്ടവകാശം എന്നീ വിഷയങ്ങളിൽ വലിയ പിന്തുണയാണ് യോഗത്തിനെത്തിയ എല്ലാ സംഘടനകളും പ്രഖ്യാപിച്ചത്.