റംസാനോട് അനുബന്ധിച്ച് പാചകഎണ്ണ, മുട്ട, പാൽ ഉത്പന്നങ്ങൾ, അരി, ഗോതമ്പ്, കോഴി, ബ്രെഡ്, പയർ, പഞ്ചസാര തുടങ്ങി ഒമ്പത് ഭക്ഷ്യവസ്തുക്കളുടെ വിലവർധനയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തി. വില വർധിപ്പിക്കണമെങ്കിൽ സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുള്ള അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം. റംസാൻ കാലയളവിൽ രാജ്യത്തേക്ക് ആവശ്യത്തിന് ചരക്കുകൾ എത്താറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഉപഭോക്താക്കൾക്കും ന്യായമായ വിലയിൽ അവശ്യവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോ – അപ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി വ്യക്തമാക്കി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനാണ് വിപണികളിൽ വില നിയന്ത്രണം കർശനമാക്കിയത്. മുൻകൂർ അനുമതിയില്ലാതെ നടപ്പാക്കുന്ന വിലവർധന തടയാനും റംസാനിൽ നൽകുന്ന പ്രത്യേക ഇളവുകൾ നിരീക്ഷിക്കാനും പ്രത്യേക ടാസ്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധങ്ങളുടെ വിലയും രാജ്യത്തെ ചില്ലറവ്യാപാരികൾ പ്രഖ്യാപിച്ച ഇളവുകളും സംഘം പരിശോധിക്കും. അന്യായമായ വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടാൽ അവ തടയുന്നതിന് ഉചിതമായ നടപടികളും സ്വീകരിക്കും. വിവിധ സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലുമായി 10 കോടി ദിർഹം മൂല്യമുള്ള ഇളവുകളും സമ്മാനങ്ങളും റംസാനിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഉത്പന്നങ്ങൾക്കും 25 മുതൽ 75 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്റെയും വിവിധ സാമ്പത്തിക വികസന വകുപ്പുകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം 96,200-ലേറെ പരിശോധനകളാണ് വിവിധ വിപണികളിൽ അധികൃതർ നടത്തിയത്. വില, ഉത്പന്നങ്ങളുടെ ഗുണനിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനാണ് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ മാത്രമായി 620 പരിശോധനകളും നടത്തിയിട്ടുണ്ട്.