പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിയ്ക്കും സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാനും അനുവാദം നൽകി സൗദി അറേബ്യ. പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി അൽ ഹൈസൂനി ‘റൊട്ടാന ഖലീജിയ’ ചാനലിലെ ‘യാ ഹല’ പ്രോഗ്രാമിലാണ് വ്യക്തമാക്കിയത്. സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ദീർഘകാല പഠന വിസയുടെ കാലാവധി ഒരു വർഷമോ അതിൽ കൂടുതലോ ആണ്. പ്രോഗ്രാമിൻറെ സ്വഭാവവും സർവകലാശാലയുടെ ഓഫറും അനുസരിച്ച് ആറ് മാസം കൂടി വിസാകാലാവധി നീട്ടാനാവും. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിന്റെ കീഴിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ വിദ്യാർഥികൾക്ക് പഠനത്തിനായി ചേരാം. മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ ഉൾപ്പെടെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നടത്താം. അടുത്തിടെയാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിന് കീഴിൽ വിദ്യാഭ്യാസ വിസ നൽകുന്ന സേവനം സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ആരംഭിച്ചത്. ‘ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമിന്റെയും ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെയും ഭാഗമായാണ് തീരുമാനം. ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.