ഉള്ളി വില കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് ഉള്ളി കയറ്റുമതി പുനരാരംഭിച്ചതോടെ ഉള്ളിവില കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിർത്തിയതോടെ യു.എ.ഇ.യിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഉള്ളിയാണ് ഇറക്കിയിരുന്നത്. ഇതിനാകട്ടെ വില കിലോയ്ക്ക് 13 ദിർഹം വരെ നൽകണം. യു.എ.ഇ. യിലേക്ക് മാസം 14,400 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ഉള്ളി കയറ്റുമതിക്കാണ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. കുറച്ചു ദിവസം മുൻപ് ബഹ്‌റൈൻ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കും ഇന്ത്യ ഉള്ളി കയറ്റുമതി പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. മാർച്ച് 31 വരെയാണ് നിരോധനമെങ്കിലും ഗൾഫ് രാജ്യങ്ങളുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് കയറ്റുമതി പുനരാരംഭിച്ചത്.