കുഞ്ഞിനെയും കയ്യിലെടുത്ത് ഒരു മാസമായി ഭിക്ഷാടനം നടത്തിയ ഭിക്ഷാടകയിൽ നിന്ന് ദുബൈ പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങൾ. ദുബൈയിലാണ് സംഭവം. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വൻ തുക പൊലീസ് കണ്ടെത്തിയത്. ഏഷ്യക്കാരിയായ സ്ത്രീയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ ഇവരുടെ പക്കൽ നിന്ന് വിവിധ രാജ്യത്തെ കറൻസികൾ പോലീസ് പിടികൂടി. ആകെ 30,000 ദിർഹം ആണ് പിടിച്ചെടുത്തത്. പള്ളികൾക്കും താമസസ്ഥലങ്ങൾക്കും സമീപം ഒരു മാസം ഭിക്ഷയെടുത്താണ് ഇവർ പണം നേടിയത്. രണ്ടാഴ്ച മുമ്പാണ് ഇവർ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവർ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ വർഷം ഇതുവരെ പിടികൂടിയ ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാനപ്പെട്ടതാണ് ഇതെന്ന് ദുബൈ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യാചകർ മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റുന്നതിനായി പല മാർഗങ്ങളും സ്വീകരിക്കുമെന്നും ഇതിൽ വഞ്ചിതരാകരുതെന്നും ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.