ഷാര്‍ജയില്‍ കാണാതായ മലയാളിയായ ഭിന്നശേഷിക്കാരനെ 24 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. 18 കാരനായ ഫെലിക്സ് ജെബി തോമസിനെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെ കണ്ടെത്തിയത്. എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വെച്ചാണ് ഫെലിക്സിനെ കണ്ടെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഫെലിക്സിനെ തിരിച്ചറിഞ്ഞ ഒരു ഇന്ത്യന്‍ യാത്രക്കാരനാണ് വിവരം കുടുംബത്തെ അറിയിച്ചത്. ഫെലിക്സിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഫെലിക്സിനെ തിരിച്ചറിഞ്ഞത്. ഫെലിക്സിനെ ഷാര്‍ജയിലെ കുവൈത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാര്‍ജ സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ് ഫെലിക്സിനെ കാണാതായതെന്ന് പിതാവ് ഷാര്‍ജ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.