ദുബൈയിൽ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ഇനി മുതൽ ദുബൈ പൊലീസിൽ നിന്ന് ‘ടു വൂം ഇറ്റ് മേ കൺസേൺ’ (To Whom it May Concern) എന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. മഴയിലെ നാശനഷ്ടങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് സാധാരണയായി ഈ സർട്ടിഫിക്കേറ്റ് ആവശ്യമാണ്. ഉപഭോക്താക്കൾക്ക് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരേണ്ടതില്ല. ദുബൈ പൊലീസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘Certificate package service’-ൽ നിന്ന് ‘To Whom It May Concern’ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോ കൂടി ചേർക്കണം. ഒന്നോ രണ്ടോ പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും. 95 ദിർഹം ഫീസായി അടക്കേണ്ടതുണ്ട്. 901 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചാൽ ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.