അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികള്‍ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ഫെബ്രുവരി 14 പുലര്‍ച്ചെ ആയിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികള്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി. സന്ദര്‍ശനത്തിന് ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്പ്സ് ഹിന്ദു മന്ദിര്‍. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് രൂപകല്‍പ്പന തിരഞ്ഞെടുത്ത ക്ഷേത്രത്തിനുള്ള ഭൂമി 2015 ഓഗസ്റ്റിലാണ് യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ക്ഷേത്രത്തിന്റെ ഉയരം 32 മീറ്ററാണ്. ശിലാരൂപങ്ങള്‍ കൊണ്ട് നിര്‍മിച്ച 96 തൂണുകള്‍ ക്ഷേത്രത്തിനകത്തുണ്ട്.