കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി അധികൃതർ. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും. ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴി കടത്താൻ ശ്രമിച്ച ലഹരി മരുന്നുകളാണ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം പിടികൂടിയത്. ആടുകളുടെ കുടലിലും ത്വക്കിലും വിദഗ്ധമായി ഒളിപ്പിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. കുവൈത്തിലേക്ക് കൊണ്ടു വരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ദോഹ തുറമുഖത്തെത്തി ആടിനെ കണ്ടെത്തുകയായിരുന്നു. ഒരു കിലോ ഹാഷിഷ്, ആടുകളുടെ കുടലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് കിലോ ഷാബു, 20,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍ എന്നിവയും അധികൃതർ പിടിച്ചെടുത്തു. സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും ഏഷ്യക്കാരാണ്. ഇവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയാതായി കുവൈറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അധികൃതർ വ്യക്തമാക്കി.