സൗദിയിലുള്ള സ്വദേശി, വിദേശി തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ നുസ്‌ക് ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. നാല് കാറ്റഗറികളായി തിരിച്ച ഹജ്ജ് പാക്കേജുകൾക്ക് വ്യത്യസ്ത തുകയാണ് അടക്കേണ്ടത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ തെരഞ്ഞെടുക്കുന്ന പാക്കേജ് തുക അടക്കണം. വാറ്റ് ഉൾപ്പെടെ 3,984.75 റിയാൽ (എക്കണോമിക്), 8092.55 റിയാൽ (മിന ടെൻറ്), 10366.10 റിയാൽ (മിനായിൽ കൂടുതൽ സൗകര്യത്തോടെയുള്ള ടെൻറ്), 13,150.25 റിയാൽ (മിന ടവർ) എന്നിങ്ങനെയാണ് നാല് കാറ്റഗറിയിലുള്ള ഹജ്ജ് പാക്കേജുകൾ. ഏറ്റവും കുറഞ്ഞ 4,099.75 റിയാൽ എക്കണോമിക് പാക്കേജിൽ മിനായിൽ തമ്പ് സൗകര്യം ഉണ്ടായിരിക്കില്ല. അറഫ, മുസ്ദലിഫ തുടങ്ങിയ പ്രദേശങ്ങളിൽ പരിമിതമായ യാത്ര, താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കും. 8,092.55 റിയാൽ, 10,366.10 റിയാൽ പാക്കേജുകളിൽ മിന, അറഫ എന്നിവിടങ്ങളിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടെൻറ്, ഭക്ഷണം, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയവ ഉണ്ടാവും. 13,265.25 റിയാൽ പാക്കേജിൽ മിനായിലെ താമസം, ജംറകളുടെ അടുത്തുള്ള ടവർ കെട്ടിടത്തിലായിരിക്കും. അറഫയിൽ പ്രത്യേകം ടെൻറും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും. തീർഥാടകൻ മക്കയിൽ എത്തുന്നതുവരെയുള്ള ട്രാൻസ്‌പോർട്ടേഷൻ ഫീ നാല് കാറ്റഗറിയിലും ഉണ്ടായിരിക്കില്ല.