സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവും. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് പാസ്സ്പോർട്ടിന് പകരമായി ഉപയോഗിക്കാമെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി വ്യക്തമാക്കി. സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും.