അബുദബിയിൽ ഓടുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുപായി അബുദാബി പൊലീസ്. കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിൻറെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം ഓടുന്ന വാഹനങ്ങളിൽ നിന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇത്തരത്തിൽ ചെയ്യുന്നവർ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം മേധാവി മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. 2,000 ദിർഹം വരെ പിഴയും 23 ട്രാഫിക് ബ്ലാക് പോയിൻറുകളും ശിക്ഷ ലഭിക്കും. പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം അടയ്ക്കേണ്ടിയും വരും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനെതിരെ പൊലീസിന്റെയും സമൂഹത്തിന്റെയും പരിശ്രമം ആവശ്യമാണെന്നും ട്രാഫിക് വിഭാഗം മേധാവി കൂട്ടിച്ചേർത്തു.