റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്ങ് ഏരിയകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. 1,64,000 വാഹനങ്ങൾ പാക്ക് ചെയ്യാൻ കഴിയുന്ന സൗകര്യത്തിനുള്ള കരാർ നടപടികളാണ് പൂർത്തീകരിച്ചതെന്ന് അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസ്’ വ്യക്തമാക്കി. സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ജോലികൾ റെമാറ്റ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനുള്ള കരാറിൽ റിയാദ് ഡെവലപ്‌മെൻറ് കമ്പനിയുമായി ഒപ്പിട്ടു. നൂതന സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ‘സൊല്യൂഷൻസ്’ കൂട്ടിച്ചേർത്തു. പൊതുനിരത്തുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുക, ഗതാഗതം സുഗമമാക്കുക, തിരക്ക് കുറയ്ക്കുക, നഗരഭംഗി മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ആ നേട്ടങ്ങളിൽ പ്രധാനപ്പെട്ടവ.