വിപണിയില്‍ ലഭിക്കുന്ന സംസ്‌കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ അല്ലെങ്കില്‍ ജനിതക വസ്തുക്കളുടെ ഉയര്‍ന്ന സാന്ദ്രത ഉപയോഗിച്ചാണ് ഇതില്‍ പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുന്നത്. മൈക്രോബയോളജിക്കല്‍ ലബോറട്ടറിയിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാനും സമഗ്രമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഉയര്‍ന്ന കാര്യക്ഷമതയോടെ പന്നിയിറച്ചിയുടെ സാന്നിധ്യം പുതിയ സംവിധാനത്തിലൂടെ കണ്ടെത്താനാകും. ഒരു മണിക്കൂറില്‍ 100 ടെസ്റ്റുകള്‍ വരെ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളിലെ വിവിധ തരം ബാക്ടീരിയകള്‍, യീസ്റ്റ്, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യവും ഇതിലൂടെ കണ്ടെത്തതാന്‍ കഴിയും. ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി, ഗുണമേന്മ, സുരക്ഷപരിശോധന എന്നിവയും ലബോറട്ടറിയില്‍ പരിശോധിക്കാം.