അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 നു നടക്കും. ലോകം ഉറ്റുനോക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. ഓൺലൈനിൽ ദർശനത്തിന് ബുക്ക് ചെയ്തവരെ ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ 18 മുതൽ പ്രവേശിപ്പിച്ചു തുടങ്ങും. തിരക്ക് കണക്കിലെടുത്ത് യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുള്ള പ്രധാന നിമിഷങ്ങൾ തുടങ്ങിയവ കരകൗശല വിദഗ്ധരുടെ സൃഷ്ടികളിൽ പതിഞ്ഞിട്ടുണ്ട്. മന്ദിർ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്ന് യുഎഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.