ഇനി അബുദാബിയിലെ 672 സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളുടെ യാത്ര രക്ഷാധികാരികൾക്ക് തത്സമയം സ്മാർട്ട് ഫോണിലൂടെ അറിയാം. അബുദാബിയിലെ വിദ്യാർഥികളുടെ യാത്ര മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ നിരീക്ഷിക്കാൻ പുറത്തിറക്കിയ സലാമ ആപ്പിൽ സ്വകാര്യ സ്കൂളുകളെയും ഉൾപ്പെടുത്തി. പരീക്ഷണാർഥം ആരംഭിച്ച ആപ്പിന്റെ വിജയത്തെ തുടർന്നാണ് സേവനം മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചതെന്ന് സംയോജിത ഗതാഗത കേന്ദ്രവും (ഐടിസി) നഗരസഭയും അറിയിച്ചു. സ്കൂൾ ബസുകളുടെ യാത്ര ഐടിസി ഉദ്യോഗസ്ഥരും നിരീക്ഷിക്കും. ഏതാനും നഴ്‌സറികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് വഴി ബസിന്റെ സഞ്ചാരപാത സ്മാർട്ട് ഫോണിൽ കാണാനും അടിയന്തര ഘട്ടങ്ങളിൽ ബസ് സൂപ്പർവൈസറുമായും സ്കൂൾ അധികൃതരുമായും ആശയവിനിയമം നടത്താനും സാധിക്കും. ബസ് സ്കൂളിലും വീട്ടിലും എത്തുന്ന സമയം സലാമ ആപ് രക്ഷിതാക്കളെയും സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും അറിയിക്കും. കുട്ടി ബസിൽ കയറുമ്പോഴും സ്കൂളിൽ ഇറങ്ങുമ്പോഴും ഐഡി കാർഡ് സ്കാൻ ചെയ്യും. ഈ വിവരം രക്ഷിതാവിന്റെ മൊബൈൽ ഫോണിൽ അറിയാൻ സാധിക്കും. മാതാപിതാക്കൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റർമാർ എന്നിവരുടെ ഫോണുകൾ ആപ് വഴി ബന്ധിപ്പിച്ചാണ് വിവരങ്ങളുടെ കൈമാറ്റം. ആപ്പിൾ/പ്ലേ സ്റ്റോറുകളിൽനിന്ന് സലാമ ആപ് ഡൗൺലോഡ് ചെയ്യാം. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാൻ 800 850 എന്ന ടോൾ ഫ്രീ നമ്പറും ലഭ്യമാണ്.