പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒരിടവേളക്ക് ശേഷം എയർ അറേബ്യയുടെ ഷാർജ-സുഹാർ സർവീസിന് തുടക്കമായി. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ 10ന് പുറപ്പെട്ട് ഷാർജയിൽ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ. ഫെബ്രുവരി ആദ്യ ആഴ്ചയിൽ കാണിക്കുന്ന യാത്ര നിരക്ക് കൊച്ചി, തിരുവനന്തപുരം 43 റിയാലും, കോഴിക്കോട്ടേക്ക് 66 റിയാലുമാണ്. രണ്ട് തരം ടിക്കറ്റുകളാണ് വെബ് സൈറ്റിൽ കാണിക്കുന്നത്. ക്യാബിൻ ബാഗേജ് പത്ത് കിലോ മാത്രമുള്ളതും ചെക്കിൻ ബാഗേജ് മുപ്പത് കിലോ കൊണ്ടുപോകാൻ കഴിയുന്നതും. ബാത്തിന, ബുറൈമി മേഖലയിലെ പ്രവാസികൾക്ക് ഏറെ ഗുണകരമാണ് ഈ സർവീസ്. ഷാർജയിൽ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യൻ എയർപോർട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയർ അറേബ്യ നൽകുന്നത് കൊണ്ട് കൂടുതൽ ആളുകൾ ഈ സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്.