സൗദിയിലെ എല്ലാ ട്രക്കുകളും, ബസുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ അടക്കേണ്ടി വരും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിംഗ് കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ കാമറ കൃത്യമായി പിടികൂടും. കൂടാതെ പ്രവർത്തന കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലിറങ്ങിയാലും ക്യാമറകൾ വെറുതെ വിടില്ല. രാജ്യത്തെ കാർഗോ ട്രക്കുകൾ, വാടകയ്ക്കോടുന്ന ട്രക്കുകൾ, അന്താരാഷ്ട്ര സർവീസ് നടത്തുന്ന ബസ്സുകൾ,വാടകയ്ക്കോടുന്ന ബസുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും. 2022 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഘട്ടം മുതൽ, രാജ്യത്തെ മുഴുവൻ ടാക്സികളും നിരീക്ഷണത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ്സുകളെയാണ് രണ്ടാം ഘട്ടത്തിൽ നിരീക്ഷിച്ചു തുടങ്ങിയത്. രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.