കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്. ഇത്തരത്തില്‍ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. കമ്പനിക്കെതിരെ നിയമനടപടികള്‍ തുടങ്ങി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി.