ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറിമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂനിഫോം നിർബന്ധമാക്കി സൗദി അറേബ്യ. സൗദി പൊതുഗതാഗത അതോറിറ്റി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹോം ഡെലിവറി മേഖലയെ നിയന്ത്രിക്കുക, ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുക, സുരക്ഷ നിലവാരം വർധിപ്പിക്കുക എന്നിവയാണ് തീരുമാനങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് സൗദി പൊതു ഗതാഗത അതോറിറ്റി വ്യക്തമാക്കി.