സൗദിയിൽ നിന്ന് റീ എൻട്രിയിൽ നാട്ടിൽ പോയി കുടുങ്ങിയവർക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ പുതിയ വിസകൾ അടിച്ചുതുടങ്ങി. മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിസ സ്റ്റാമ്പിംഗ് ആരംഭിച്ചത്. മുംബൈ സൗദി കോൺസുലേറ്റിൽ സമർപ്പിച്ച വിസകളാണ്, മറ്റ് രേഖകളൊന്നും ആവശ്യപ്പെടാതെ തന്നെ സ്റ്റാമ്പ് ചെയ്തുനൽകാൻ തുടങ്ങിയത്. മുംബൈയിലെ സൗദി കോൺസുലേറ്റിൽ സമർപ്പിച്ച പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്തു നൽകുന്നതായി ട്രാവൽസ് രംഗത്തുള്ളവർ വ്യക്തമാക്കി. എല്ലാതരം വിസകളും ഇപ്പോൾ സ്റ്റാമ്പ് ചെയ്തു നൽകുന്നുണ്ട്. കോവിഡ് കാലത്തും അല്ലാതെയും റീ എൻട്രീയിൽ നാട്ടിൽ പോയി പിന്നീട് തിരിച്ചുവരാൻ സാധിക്കാത്തവർക്കാണ് വിലക്ക് നീക്കിയ നടപടി ഏറെ പ്രയോജനപ്പെടുക.