കുവൈത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചു പൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമലംഘനം കണ്ടെത്തിയത്. അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും, ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കിയത്. സലൂൺ നടത്തിപ്പുകാരെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.