അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അധികൃതര്‍. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് കഫേ പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമം തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് തവണ ഈ കഫേയ്ക്ക് നിയമലംഘന റിപ്പോര്‍ട്ട് നല്‍കുകയും കഫേ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ചെറുപ്രാണികളെയും കീടങ്ങളെയും മറ്റും കണ്ടെത്തുകയും ചെയ്തിരുന്നു. നിയമലംഘനങ്ങളെല്ലാം ശരിയാക്കി കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മാത്രമേ ഇനി കഫേയ്ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. അബുദാബിയില്‍ ഭക്ഷ്യ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനകളും നടപടികളും.