ദുബൈയിൽ റോഡ് ടോൾ ഈടാക്കാൻ രണ്ട് സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേ ക്രോസിങിലും, അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും. അൽഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെയാണ് ബിസിന് ബേ ക്രോസിങിൽ റോഡ് ടോൾ ആയ സാലിക് ഈടാക്കി തുടങ്ങുക. പ്രാധാനഹൈവേയായ ശൈഖ് സായിദ് റോഡിൽ അൽസഫയിൽ നിലവിലുള്ള ടോൾഗേറ്റിന് പുറമേ അൽ മൈതാൻ, ഉമ്മുശരീഫ് സ്ട്രീറ്റുകൾക്കിടയിൽ അൽസഫ സൗത്ത് എന്ന പേരിൽ മറ്റൊരു ടോൾ ഗേറ്റ് കൂടി നവംബറിൽ പ്രവർത്തനമാരംഭിക്കും. അൽ സഫയിലെ ഒരു ടോൾ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനകം രണ്ടാമത്തെ ഗേറ്റ് കൂടി കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ.