ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. നിർദേശം നടപ്പായാൽ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോഴെല്ലാം സി.പി.ആർ റദ്ദാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. താമസവിസയില്ലാത്തവരും ആരോഗ്യം, ബാങ്ക് മറ്റ് സേവനങ്ങൾ എന്നിവ സി.പി.ആർ ഉപയോഗിച്ച് സ്വീകരിക്കുന്നുണ്ട്. അനധികൃത താമസക്കാരെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് തടയാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും സൂചിപ്പിച്ചു. പുതിയ ഭേദഗതി മനുഷ്യാവകാശ ലംഘനമാകില്ലെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സും വ്യക്തമാക്കി.