ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ സുഹാര്‍-ഷാര്‍ജ സര്‍വീസുകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക. ഷാര്‍ജയില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ 10ന് പുറപ്പെട്ട് ഷാര്‍ജയില്‍ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ പ്രമോഷന്‍ പോസ്റ്ററില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വെബ്സൈറ്റില്‍ ബുക്കിങ് സൗകര്യം ലഭ്യമായിട്ടില്ല. ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയര്‍ അറേബ്യ നല്‍കുന്നത് കൊണ്ട് കൂടുതല്‍ ആളുകള്‍ ഈ സര്‍വീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. ബാത്തിന മേഖലയിലെ പ്രവാസികള്‍ക്ക് എയര്‍ അറേബ്യ സര്‍വീസ് പ്രതീക്ഷ നല്‍കുന്നതാണ്. സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയും.