സൗദി അറേബ്യ പ്രീമിയം ഇഖാമ ഇനി കൂടുതൽ വിഭാഗം വിദേശികളിലേക്ക്. വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങൾ നടത്താനും സ്വദേശി സ്പോൺസർമാരില്ലാതെ സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇനി ഹെൽത്ത് കെയർ, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നീ അഞ്ച് വിഭാഗക്കാർക്ക് കൂടി വരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെർമിറ്റിന് അഞ്ചുവിഭാഗങ്ങളിൽ പെടുന്ന വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറർ ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. അനിശ്ചിതകാലത്തേക്കുള്ള ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരുന്നു ഫീസ്. വർഷാവർഷം പുതുക്കേണ്ട ഇഖാമക്ക് ഒരു ലക്ഷം റിയാൽ വാർഷിക ഫീസും. ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയിൽ ഉൾപ്പെടുത്തിയത്. ഈ വിഭാഗങ്ങൾക്ക് കീഴിൽ വ്യക്തിഗത ഇഖാമ നേടാൻ നൽകേണ്ട ഫീസ് 4,000 റിയാലാണ്. അഞ്ചുവർഷമാണ് കാലാവധി.