സൗദിയിലേക്ക് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെന്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാണ്. റിക്രൂട്ടിങ് കമ്പനിയും തൊഴിലുടമയും തമ്മിലുണ്ടാക്കേണ്ട കരാര്‍ നടപടിക്രമങ്ങളുടെ ഭാഗമാകും ഇന്‍ഷുറന്‍സ് പരിരക്ഷ. റിക്രൂട്ട്‌മെന്റ് മുതല്‍ ആദ്യ രണ്ട് വര്‍ഷത്തേക്കാണ് കരാറിന്റെ ഭാഗമായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവുക. രണ്ട് വര്‍ഷത്തിന് ശേഷം തൊഴിലുടമയുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാം. ‘മുസാനിദ്’ ഉപഭോക്താക്കള്‍ക്ക് ഈ സേവനം നിലവില്‍ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടണ്ട്.