ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. തൊഴില്‍ സമയം കുറക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ബുദ്ധിമുട്ടുകളും സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തുകയും ചെയ്യും. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.