സൗദിയില്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കാതെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്ക്കുള്ള മുന്നറിയിപ്പുമായി സൗദി ലേബര്‍ കോടതി. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴില്‍ അവസാനിപ്പിച്ചാലും തൊഴില്‍ കരാര്‍ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. രോഗിയായ തനിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും, അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളിയായ തൊഴിലാളിക്കെതിരെ റിയാദിലെ കമ്പനി നല്കിയ പരാതിയില്‍ നടന്ന വാദത്തിലാണ് കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്. തൊഴില്‍ കരാര്‍ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധിച്ചത്.