യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ യില്‍ കാത്തിരുന്ന് മുഷിയാതെ യാത്രക്കാര്‍ക്ക് 10 സെക്കന്‍ഡുകള്‍ കൊണ്ട് ഇനി ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാകാം. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് തുടങ്ങി നിരവധി നവീന സൗകര്യങ്ങളുമുണ്ട്. നിലവില്‍ സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍ ഇത്തിഹാദ് യാത്രക്കാര്‍ക്ക് മാത്രമാണുള്ളത്. അബുദാബിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാര്‍ക്കും വൈകാതെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.