പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരേസമയം രണ്ട് ജോലികൾ ചെയ്യാൻ അനുമതി ഉണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ രണ്ട് ജോലികൾ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറിൽ എതിർപ്പ് ഉണ്ടായിരിക്കാൻ പാടില്ല. സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിർക്കുന്ന വ്യവസ്ഥകൾ ഉണ്ടാവരുത്. അതിനാൽ തൊഴിലാളിയുടെ തൊഴിൽ കരാറും തൊഴിൽ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവർക്ക് രണ്ട് ജോലികൾ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.