ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബഹറൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ വര്‍ദ്ധനവ് വരുമെന്നും, സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേധാവി അലോക് സിങ് പറഞ്ഞു. പുതിയ വിമാനത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുടെ വര്‍ദ്ധനവ് പരിഗണനയിലുണ്ട്. സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത 15 മാസത്തിനുള്ളില്‍ 450 പൈലറ്റുമാരെയും, എണ്ണൂറോളം ക്യാബിന്‍ ക്രൂ അംഗങ്ങളെയും പുതുതായി നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടെ ആകെ വിമാനങ്ങളുടെ എണ്ണം 100 ആയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 175 ആയും വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.