പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന. അപേക്ഷകന്റെ പ്രായം അനുസരിച്ച് 10 മുതല്‍ 35 ശതമാനം വരെയാണ് ആരോഗ്യ ഇന്ഷുന്സ് പ്രീമിയം കമ്പനികള്‍ വര്‍ധിപ്പിച്ചത്. കൊവിഡിന് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചതാണ് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. പന്ത്രണ്ടോളം ഇന്‍ഷുറന്‍സ് കമ്പനികളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രീമിയം ഉയര്‍ത്തിയത്. ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റ് കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പണപ്പെരുപ്പം മൂലമുണ്ടായ ചെലവുകളിലെ വര്‍ധന, വൈദ്യചികിത്സ, മരുന്നുകള്‍, മെഡിക്കല്‍ സാങ്കേതികവിദ്യ എന്നിവയുടെ വര്‍ധിച്ചുവരുന്ന ചെലവ്, പ്രായമായവരുടെ ജനസംഖ്യാ നിരക്ക് ഉയര്‍ന്നത്, വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനം എന്നിവ പോലുള്ള നിരവധി ഘടകങ്ങള്‍ പ്രീമിയം വര്‍ധിക്കാനുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.